ക്യാബിൻ ക്രൂവിൻറെ അറിയിപ്പുകളുടെ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു ഞാൻ. ദോഹ വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങാൻ പോകുന്നു. ഏതൊരു മലയാളിയേയും പോലെ നാടിനെ ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുക്കാൻ ഞാൻ നിർബന്ധിതനായത് പ്രാരാബ്ദങ്ങൾ കൊണ്ട് മാത്രമായിരുന്നോ???
എൻറെ ചിന്തകൾ കടിഞ്ഞാൺ നഷ്ടമായ കുതിരയെപ്പോലെ പാഞ്ഞിരുന്നു അപ്പോഴേക്കും. ശരിക്കും ഞാൻ ഒളിച്ചോടുകയാണ്. എനിക്ക് മാത്രമറിയുന്ന ആ സത്യം അംഗീകരിക്കാൻ തയ്യാറാകാതെ, ബോധമണ്ഡലത്തെ വീണ്ടും പറഞ്ഞു പഠിപ്പിച്ചു ഒരു ജോലിക്കാണ് ഞാൻ ഇങ്ങോട്ട് വന്നിരിക്കുന്നത്. മനസ്സാക്ഷി സമ്മതിക്കില്ല എങ്കിലും ബുദ്ധിയെ അത് പറഞ്ഞു പഠിപ്പിക്കുന്ന നിലയിലേക്ക് ഞാൻ മാറിയിരുന്നു അപ്പോഴേക്കും.
ജീവിക്കാനും കാശുണ്ടാക്കാനും പല വഴികൾ നാട്ടിൽ ഉണ്ടായിട്ടും എന്തിനാണ് ഒളിച്ചോട്ടം വേണ്ടിവന്നത് എന്നോർത്തപ്പോൾ മുന്നിലിരുന്ന ഫ്രീ കിട്ടിയ ജാക്ക് ഡാനിയലിന്റെ ചെറിയ പെറ്റ് ബോട്ടിൽ ഞാനറിയാതെ തന്നെ ഒറ്റവലിക്ക് അകത്താക്കി പോയി. കത്തിയെരിയുന്ന മദ്യം ആമാശയത്തിലേക്ക് പോയത് ഞാൻ അറിഞ്ഞില്ല. അതിലും വലിയ കത്തൽ മനസ്സിലുണ്ടായിരുന്നു, ഓർമ്മകൾക്ക് ചാവില്ല എന്നത് സത്യമാണ് എന്ന് തോന്നിയ നിമിഷം. എത്ര മറക്കാൻ ശ്രമിക്കുന്നുവോ അത്രയും ആഴത്തിൽ ആ ഓർമ്മകൾ എന്നെ വരിഞ്ഞു മുറുക്കാൻ തുടങ്ങി… ഇതിനെല്ലാം കാരണം ആ കല്യാണം തന്നെ ആയിരുന്നു അവിടെ നിന്നാണ് എന്നെ ഈ നിലയിലാക്കിയ ദുരന്തം ആരംഭിച്ചത്. ഒരു പക്ഷെ അന്ന് ഞാൻ അവിടെ ഇല്ലായിരുന്നു എങ്കിൽ…
(തുടരും)