About Nachikethus | Nachikethas | Nachiketa

നചികേതസ് (Nachikethus/ Nachikethas) ഈ പേരു പറഞ്ഞപ്പോഴെല്ലാം തിരിച്ചു വന്ന മറുപടികൾ:

മലയാളി ആണോ?
അധികം കേട്ടിട്ടില്ലാത്ത പേര്?
കേരളത്തിൽ ഈ പേര് വേറെ ആർക്കും കാണില്ല അല്ലേ?
നജി കെ ദാസ് ആണോ?

ഇത്രയേറെ മറുപടികളും മറുചോദ്യങ്ങളും കേൾക്കുമ്പോൾ പലപ്പോഴും ഈ പേരു തിരഞ്ഞെടുത്ത അച്ഛനോടുള്ള അളവറ്റ സ്നേഹം വല്ലാതെ ഉള്ളിൽ അങ്ങ് തിളച്ചു ഉയരും.

മുസ്ലിം ആണോ ഹിന്ദു ആണോ എന്നു ചോദിക്കുന്നവരോട് മനുഷ്യൻ ആണ് എന്നു പറയാൻ പഠിപ്പിച്ച ഞാൻ എന്റെ നെഞ്ചോടു ചേർത്ത് നിർത്തുന്ന വഴക്കടിക്കുന്ന തല്ലി പിരിയുന്ന പിന്നെയും എന്നെ ചേർത്തു നിർത്തുന്ന എന്റെ നന്മമരം അച്ഛൻ (സുധീരഥൻ).

ഒരിക്കൽ പനിവന്നു ആശുപത്രിയിൽ പോയപ്പോൾ ഇംഗ്ലീഷിൽ എഴുതിയ ചീട്ടിൽ പേരുവായിക്കാൻ ബുദ്ധിമുട്ടിയതുകൊണ്ട് എന്റെ ചീട്ടു മാറ്റിവച്ചു ഏറ്റവും അവസാനം ഇനി ആരുടെയെങ്കിലും പേര് വിളിക്കാൻ ഉണ്ടോ എന്ന് ആശുപത്രി ജീവനക്കാരി ചോദിച്ചപ്പോൾ അച്ഛനോട് തോന്നിയ ദേഷ്യത്തിനും കണക്കില്ല. അച്ഛൻ പറഞ്ഞ നചികേതസ് (Nachikethus) പുരാണകഥാപാത്രമാണ്. ഞാൻ അച്ഛനോട് ചോദിച്ചു “ജാതി ചോദിച്ചാൽ മനുഷ്യൻ എന്ന മറുപടി പറയാൻ പഠിപ്പിച്ച അച്ഛൻ എന്തിനു എനിക്ക് ഒരു ഹിന്ദു പുരാണത്തിലെ കഥാപാത്രത്തിന്റെ പേരിട്ടു?”

ഉടൻ വന്നു മറുപടി: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അഴിക്കോട് മാഷിന്റെ (സുകുമാർ അഴിക്കോട്) തത്വമസി എന്ന പുസ്തകത്തിൽ കഠോപനിഷത്തിനെ കുറിച്ച് പറയുന്നുണ്ട് അതിനെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ എം പി വീരേന്ദ്രകുമാർ ഒരു ലേഖനം എഴുതി ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് “മക്കൾ ഉണ്ടായാൽ പോരാ, മക്കൾ നചികേതസ്സിനെ പോലെയാകണം”
തെറ്റ് ചെയ്യുന്നത് അച്ഛൻ ആയാൽ പോലും അതിനെ ചോദ്യം ചെയ്യുന്ന തലമുറ വരണം എന്നാണ് ലേഖനത്തിൽ എഴുത്തുകാരൻ പറയുന്നത്.

അനീതിക്ക് നേരെ വിരൽ ചൂണ്ടുന്ന മകനായി മാറാൻ നിനക്ക് ഈ പേര് നൽകി എന്ന് അച്ഛൻ പറഞ്ഞവസാനിപ്പിച്ചു. ആ പേരിനോട് എത്രത്തോളം നീതി പുലർത്തി എന്ന് കാലം പറയും.

പിന്നാമ്പുറം:

നചികേതസ് (Nachikethus/ Nachikethas)  പുരാണ കഥ

കഠോപനിഷത്തിലും, തൈത്തിരീയോപനിഷത്തിലും, ബ്രാഹ്മണത്തിലും, മഹാഭാരതം അനുശാസനപർവ്വം 106 ആം അധ്യായത്തിലും പരാമർശ്ശിക്കപ്പെടുന്ന വ്യക്തിയാണ് നചികേതസ് (Nachikethus/ Nachikethas). ആചാരനിഷ്ടനായ യജ്ഞശ്രയസ്സിന്റെ പുത്രനാണ് ഇദ്ദേഹം. കഠോപനിഷത്ത്, യമൻ നചികേതസ്സിന് (Nachikethus/ Nachikethas) ആത്മതത്വം ഉപദേശിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.

യജ്ഞശ്രശസ്സ് ഒരു യാഗം നടത്തി. അതിന്റെ ഭാഗമായി കുറേ പശുക്കളെ ദാനം ചെയ്തു. പശുക്കൾ പുല്ലുതിന്നാനോ വെള്ളം കുടിക്കാനോ കഴിയാത്തതായിരുന്നു. ഇതു കണ്ട് യജ്ഞശ്രയസ്സിന്റെ പുത്രനായ നചികേതസ് (Nachikethus/ Nachikethas) പാപപൂരിതമായ ഈ ദാനത്തിന്റെ ഫലമായി പിതാവ് അത്യന്തം ദുരിതത്തിലാകുമെന്ന് മനസ്സിലായി. നല്ലവനും ബുദ്ധിമാനുമായ നചികേതസ് (Nachikethus/ Nachikethas) പിതാവിനെ ഈ ദുർവിധിയിൽ നിന്നും രക്ഷിക്കാൻ തീരുമാനിച്ചു. അദ്ദേഹം പിതാവിനോട് തന്നെ ആർക്കാണ് ദാനംചെയ്യുന്നതെന്ന് ചോദിച്ചു. തന്നെയും ആർക്കെങ്കിലും കൊടുക്കണമെന്ന് കുട്ടി പല പ്രാവശ്യം കെഞ്ചി. ദേഷ്യം വന്ന പിതാവ് നിന്നെ യമനാണ് കൊടുക്കാൻ പോകുന്നതെന്ന് പറഞ്ഞു.

അച്ഛന്റെ വാക്കുകൾ വൃഥാവിലാകരുത് എന്ന തീരുമാനത്തോടെ നചികേതസ് (Nachikethus/ Nachikethas), യമലോകത്തേക്ക് യാത്രയായി. യമനെ കാത്ത് മൂന്ന് രാത്രികൾ നിൽക്കേണ്ടി വന്ന നചികേതസിനു (Nachikethus/ Nachikethas)  പ്രായശ്ചിത്തമായി ഓരോ രാത്രികൾക്കും ഓരോ വരം നൽകാമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി നചികേതസ് (Nachikethus/ Nachikethas) ആത്മജ്ഞാനം ആവശ്യപ്പെടുകയും, തന്റെ ശിഷ്യന് അതിനുള്ള യോഗ്യത ഉണ്ടെന്ന് പരീക്ഷിച്ചറിഞ്ഞ ശേഷം യമദേവൻ അത് നൽകുകയും ചെയ്യുന്നു.

 "If I get ten or twelve boys with the faith of Nachikethus, I can turn the thoughts and pursuits of this country into a new channel."
Swami Vivekandan
Swami Vivekandan
Indian Monk