വിരഹം നിറഞ്ഞൊരമ്മതൻ
അനാഥത്വ നോവിന്റെ
ശിരസ്സിനെ രണ്ടായ്
പിളർത്തി നീ
ഇരുളിൽ വളർന്നവളുടെ
മൂകാമാം മനസ്സിൽ
വിശ്വപ്രഭാ പടലം
പടർത്തി നീ
പഠനവും പ്രണയവും
നിറഞ്ഞ കലാലയ
ഹൃദയത്തിലൊരിടം
തുറന്നു നീ
ഇടം തേടി അലയുന്ന
പ്രിയരവർക്കവകാശ
വിപ്ലവ ചിന്തകൾ
നൽകി നീ
അണുവിനാൽ നാം
മുഖം മറച്ചൊരാ നാളി-
-ലശരർക്കു തുണയായ്
വളർന്നു നീ
പാഴ് വസ്തു പോലും
പെറുക്കിവിറ്റാദർശ
മാർഗം നമുക്കായ്
തുറന്നു നീ
അമ്മതൻ നോവിനെ
മെയ്യാൽ തുടച്ചു നീയ –
-ന്യന്റെ നോവും പകുത്തു…
പിന്നെ അന്നത്തിനായ്
നീട്ടും കരങ്ങളെ
ചേർത്തു പിടിച്ചാർദ്രമായ്
നീയും
സ്വയമെരിഞ്ഞെങ്കിലും
പ്രിയരവർക്കായ്
സ്വയം പുതിയ ലോകം തേടി
നീയും
അറിവിന്റെ ജ്വാലയെ
കണ്ണടച്ചെതിരേറ്റവൻ തൻ
സൗഹൃദം സൃഷ്ടിച്ച
ശീലം
അങ്ങകലെയവൻ തൻ
നീറുന്നൊരേകാന്താ
വിഷ ചിന്തകളുതിർക്കുമ-
ന്നേരം
നഷ്ട പ്രണയത്തിൻ
ഏകാന്ത നോവിനെ
പകയായ് വളർത്തുമീ
കാലം
ഇങ്ങിവിടെ നിൻ
കർമ്മ പദത്തിൻ വഴികളിൽ
സ്വയം വെളിച്ചമായ്
നീയും
പുതുതായി നട്ട
നന്മതൻ വൃക്ഷത്തിൻ
മോഹങ്ങളും തേരിലേറ്റി
നീ
കൊതിയോടെ ജീവിത
പരീക്ഷയെ മൗനമായ്
മുദുലമായ് തലോടി
നീയെങ്കിലും
നിന്നവസാന ശ്വാസത്തെ
കാത്തു നിന്നന്നവൻ
സ്വാർത്ഥ പ്രണയത്തിൻ
പേരിൽ
പ്രണയം കൊതിച്ചൊരാ
ധമനിതൻ മിടിപ്പുകൾ
അണപൊട്ടിയൊഴുകിയ
നേരം
പിടയുന്ന നിൻ മുന്നില-
-ലസമായ് ക്രൂര മിഴികൾ
തുറന്നവനിരിപ്പൂ…
നീപോലുമറിയാതെ
നിന്നെയും തേടിയലയുമൊരു-
-ന്മാദ നീചനെ പോലെ
അവനാൽ സ്വയം
ഞെരിഞ്ഞില്ലാതെയായ-
നീയായിരുന്നൊരു നാടിൻ
പ്രതീക്ഷ
നിന്നെയോർത്തൊന്നു
നെടുവീർപ്പിട്ടൊരെന്ന –
രികിലുണ്ടവനങ്ങിരിപ്പൂ..
എന്റെ ചിന്തതൻ പക്ഷിയെ
ചങ്ങലക്കിട്ടൊരേ-
കാന്ത ജീവിയെ പോലെ