പൊലീസും കോൺഗ്രസിന്റെ ഗുണ്ടാപ്പടയായ ചെറുപയർ പട്ടാളവും നാട്ടിലും ജയിലറകളിലും വേട്ടപ്പട്ടികളായി മാറിയകാലം. ഓരോ ലോക്കപ്പ് മർദനത്തിന്റെ അവസാനവും അന്നത്തെ കോൺഗ്രസ് മന്ത്രിസഭയ്ക്ക് ജയ് വിളിക്കാൻ “ബിരിയാണി പൊലീസ്’ ആക്രോശിച്ചപ്പോൾ ധീരവിപ്ലവകാരിയായ മണ്ടോടി കണ്ണൻ അതിനുവഴങ്ങിയില്ല. കൊടിയ മർദനങ്ങൾക്കൊടുവിൽ തന്റെ ശരീരത്തിൽനിന്ന് ഒലിച്ചിറങ്ങിയ ചോരയിൽ വിരൽമുക്കി വടകര പൊലീസ് ലോക്കപ്പുമുറിയിലെ ഭിത്തിയിൽ അരിവാൾ ചുറ്റിക വരച്ച് മണ്ടോടി കണ്ണൻ സമരേതിഹാസം രചിച്ചു.
ഒഞ്ചിയം വെടിവെപ്പ്
ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കുവേണ്ടിയുമുള്ള സമരം സ. മണ്ടൊടി കണ്ണന്റെ നേതൃത്വത്തില്‍ ശക്തിയായി നടന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. എം എസ് പിക്കാര്‍ ഏതു സമയവും റോന്തുചുറ്റി സഖാക്കന്‍മാരെ വേട്ടയാടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്‌ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ രാവും, പകലും പ്രവര്‍ത്തിച്ചു പ്രശസ്‌തിയാര്‍ജ്ജിച്ച സ. മണ്ടോടി കണ്ണന്‍ ഒഞ്ചിയക്കാരുടെ കണ്ണിലുണ്ണിയായിരുന്നു. കണ്ണനെ അന്വേഷിക്കാനെന്ന പേരില്‍ 1948 ഏപ്രില്‍ 30ന് എം എസ് പിക്കാര്‍ മുക്കാളിയില്‍ കൂടി കണ്ണനെ അന്വേഷിച്ചു. വീട്ടില്‍ ചെന്നു. കണ്ണനെ കണ്ടില്ല. പുളിയുള്ളതില്‍ എന്ന വീട്ടില്‍ വന്ന് എം കെ കേളുവുണ്ടോ, പി ആര്‍ നമ്പ്യാരുണ്ടോ എന്നൊക്കെ അന്വേഷിച്ചു. ആളില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. അവിടെയുണ്ടായിരുന്ന വീട്ടുടമസ്ഥന്‍ ചോയിക്കാരണവരേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്‌തു. അറസ്റ്റ് വിവരം മെഗഫോണില്‍ നാടു മുഴുവന്‍ അറിയിക്കപ്പെട്ടു.
അറസ്റ്റ് ചെയ്യപ്പെട്ട ചോയിക്കാരണവരേയും മകന്‍ കണാരനേയും വിട്ടുതരണമെന്നും പറയുന്ന സ്ഥലത്ത് ഹാജരാക്കാമെന്നും പറഞ്ഞപ്പോള്‍ വിട്ടുതരാമെന്ന മറുപടിയുണ്ടായി. സ. അളവക്കല്‍ കൃഷ്‌ണന്റെ നേതൃത്വത്തില്‍ ജനങ്ങളും ഇവരെ അനുഗമിച്ചു. വയല്‍ വിട്ട് ഇടവഴിയിലേക്ക് കയറിയപ്പോള്‍ പോലീസ് ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവച്ചു. സഖാക്കള്‍ മേനോന്‍ കണാരന്‍, അളവക്കല്‍ കൃഷ്‌ണന്‍, പുറയില്‍ കണാരന്‍, പാറൊള്ളതില്‍ കണാരന്‍, വി കെ ചാത്തു, കെ പി രാവുട്ടി, കെ എം ശങ്കരന്‍, വി പി ഗോപാലന്‍ എന്നിങ്ങനെ എട്ടുപേര്‍ വെടിവെപ്പിലും പോലീസിന്റെയും എം എസ് പിയുടേയും മര്‍ദ്ദനഫലമായി സഖാക്കള്‍ മണ്ടോടി കണ്ണന്‍, കൊല്ലനിച്ചേരി കുമാരന്‍ എന്നിവരും കൊല്ലപ്പെട്ടു.