
ഞാനൊരു വിദ്യാർഥിയാൽ
ണെൻ പാഠമീജ്ജീവിതം;
നൂനമെൻ, ഗുരുനാഥര-
ജ്ഞാതരേതോ ദിവ്യർ.
തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!
ഇന്നലെ കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു,
പാലോളി ചിതറുന്നു;
മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ
പനിനീരുരയ്‌ക്കുന്നു;
മധുവിന്‍ മത്താല്‍ പാറി
മൂളുന്നു മധുപങ്ങള്‍;
‘മധുരമീ ജീവിതം,
ചെറുതാണെന്നാകിലും‘
ആരെല്ലെന്‍ ഗുരുനാഥ-
രാല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
തിങ്കളും താരങ്ങളും,
തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്റെ വിദ്യാലയം!!