മനസ്സിൽ തെളിയുമീ
വരികൾ പകർത്തിടാൻ
ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ…
അണയാൻ തുടങ്ങുമീ
ചെറുകണമതിൻ മുൻപിൽ
അലസമായ് ഞാൻ നിന്ന നിമിഷങ്ങളിൽ…
വെറുതെ കളഞ്ഞുപോം
കാലത്തിൻ ഇതളുകൾ
ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ…
(മനസ്സിൽ….)
വിടരാതെ ഞാൻ നിന്ന
നിമിഷങ്ങളിൽ ചുറ്റും
മധുരമായ് മൂളുന്ന തേൻകിളിയായ് നീ…
തളരാതെ നീ തന്ന
നിറമെഴും പുഞ്ചിരി
ഉണരുവാൻ എന്നിൽ കൊതിയുണർത്തി
ഉണരുവാൻ എന്നിൽ കൊതിയുണർത്തി…..
(മനസ്സിൽ…)
ഇടറുന്ന തൊണ്ടയിൽ
പറയുവാനായ് നേർത്ത
മധുരമാം വാക്കുകൾ ചേർത്തുവെച്ചു…
വിടരുവാൻ നേരമായെ-
ങ്കിലെന്നാശിച്ചു കൊതിയോടെ
ഞാൻ നിന്ന നിമിഷങ്ങളിൽ
കൊതിയോടെ ഞാൻ നിന്ന നിമിഷങ്ങളിൽ..
(മനസ്സിൽ…)
കൊതിയോടെ മിഴികളെ
പുണരുവാനായ് നേർത്ത
കണികകൾ അരികിലായ് വന്ന നേരം…
അറിയാതെ പോലെന്നാ-
മൃദുലമാം മിഴികളെ
ഇരുളിൻ കയത്തിൽ അടയിട്ടു ഞാൻ
ഇരുളിൻ കയത്തിൽ അടയിട്ടു ഞാൻ….
(മനസ്സിൽ…)
ഒടുവിൽ കൊതിച്ചൊരാ
മിഴികളെ മൗനമായ്
ചിരിയോടെ ഞാൻ തുറന്ന നേരം…
തിരയുന്നു ഞാൻ കേട്ട
മധുരമാം മൊഴികളെ
തിരയുന്നു ഞാൻ നേർത്ത
മൃദുലമാം പുഞ്ചിരി….
തിരയുന്നു ഞാനിന്നു
മണയാത്ത നറുമണം
തിരയുന്നു ഞാനിന്നു-
എന്നേയും വിരസമായ്….
മനസ്സിൽ തെളിയുമീ
വരികൾ പകർത്തിടാൻ
അണയാൻ തുടങ്ങുമീ
ചെറുക്കണമതിൻ മുൻപിൽ
ഇനിയില്ല നേരമെന്നോർത്തിടുമ്പോൾ
വെറുതെ കൊഴിഞ്ഞുപോം
കാലത്തിൻ ഇതളുകൾ
ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ
ഒരുവേള മണ്ണിൽ പിറന്നുവെങ്കിൽ