മാധ്യപ്രവർത്തനം ഒരു സ്വപ്നം പോലെ കൊണ്ട് നടന്ന കാലത്തിൽ നിന്ന് വേറെ ഏതോ ഒരു മേഖലയിൽ വന്നു ജോലി ചെയ്യുമ്പോഴും മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും നിരന്തരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അർണബ് ഗോസ്വാമി എന്ന മധ്യപ്രവർത്തകന്റെ രീതിയോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. സാമാന്യ ജീവിതത്തിൽ പോലും ഏതൊരു മനുഷ്യനും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് സംസാരിക്കുന്നതിന്റെ ഇടയിൽ കയറി പറയുന്നത്. അധ്യാപകർ ക്ലാസ്സെടുക്കുമ്പോൾ ഇടക്ക് കേറി സംശയം ചോദിക്കുന്നതിനു പലപ്പോഴും നല്ല വഴക്കു കേട്ടിട്ടുള്ള എന്നെ പോലെ ഒരാൾക്ക് ആ ഇടക്കു കയറൽ ഉണ്ടാക്കുന്ന അലോസരം മനസിലാക്കി തന്നത് നമ്മൾ തമ്മിൽ പരിപാടി അവതരിപ്പിച്ച ശ്രീകണ്ഠൻ നായർ സാറാണ്. ഒരു കാലഘട്ടത്തിലും ഇല്ലാത്തവിധം വാർത്ത വായിക്കുന്നവരെ ഇഷ്ടപ്പെട്ടു തുടങ്ങിയത് നികേഷ് കുമാർ സാറിന്റെ അവതരണം കണ്ടു തുടങ്ങിയ കാലം മുതലാണ്. ഇൻഡ്യാവിഷൻ എന്ന മാധ്യമം കേരളത്തിലെ വാർത്ത സംസ്കാരം തന്നെ പൊളിച്ചെഴുതുകയായിരുന്നു. പിന്നീട് വാർത്താ മാധ്യമങ്ങളിലെ റിപ്പോർട്ടറുമാരും വല്ലാതെ മനസ്സിനെ കീഴടക്കി ശ്രീ ലല്ലുവിനേയും ബാലഗോപാലിനെയും പ്രശാന്ത് രഖുവംശത്തെയും സഹിൻ ആന്റണിയേയും പോലെ പലരും ആകൂട്ടത്തിലുണ്ട്.
നിസ്വാർഥ മാധ്യമ പ്രവർത്തനം പ്രതീക്ഷിക്കുന്ന മലയാളി വളരെ വിശ്വസ്തതയോടെ തന്നെയാണ് ശ്രീ നികേഷ്, അഭിലാഷ്, ഹർഷൻ, സനീഷ്, വേണു, അരുൺ കുമാർ, ശ്രീകണ്ഠൻ നായർ, ശരത് കൂടാതെ ശ്രീമതി അളകനന്ദ, അനുപമ, നിഷ, ഷാനി, സ്മൃതിയും ഒക്കെ പറയുന്നത് കേട്ടതും വിശ്വസിച്ചതും. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മാധ്യമങ്ങളെ നിരീക്ഷിക്കുമ്പോൾ വാർത്തയുടെ രീതികളിലും അവതരണങ്ങളിലും വല്ലാത്ത ഒരു മാറ്റം കാണുന്നുണ്ട്. എക്സ്ക്ലൂസിവുകൾക്കായുള്ള മത്സരയോട്ടത്തിൽ വാർത്തകൾക്കു പിന്നിലെ വസ്തുത തേടുന്ന മാധ്യങ്ങൾക്കു പോലും തെറ്റു പറ്റുന്നതും, ചിലർ തെറ്റുകൾ തിരുത്തുന്നതും ചിലർ അല്ലാതെ മുന്നോട്ട് പോകുന്നതും ഒക്കെ കണ്ടു.
വാക്കിലെ പിഴവുകൾ സ്വാഭാവികം, അത് ചാനൽ ചിരികളാക്കി അവതരിപ്പിച്ചു കയ്യടി വാങ്ങാം. പക്ഷെ വസ്തതുയിലെ പിഴവുകളെ വെറും പിഴവുകൾ മാത്രമായി കാണാൻ കഴിയുമോ???
കാലത്തിനു നേരെ നീട്ടിപ്പിടിച്ച കണ്ണാടി പോലെ മധ്യപ്രവർത്തനം മുന്നോട്ടു പോവുക തന്നെ വേണം. മുന്നിൽ കിട്ടുന്ന വാർത്തയെ ഇഴകീറി പരിശോധിക്കുക തന്നെ വേണം. നുണകൾ വർത്തയാക്കാതെ വസ്തുത വർത്തയാക്കുന്ന മാധ്യമ സംസ്കാരം തിരിച്ചു പിടിക്കാനുള്ള മനസ്സുകൂടി ഉണ്ടാവണം. കാഴ്ചക്കാരെ കൂട്ടാനുള്ള മത്സരത്തിന് ഇടയിലും എല്ലാ വാർത്തകൾക്കും ഇടംകൊടുക്കാനും കഴിയണം. വാർത്താചാനലുകളുടെ വരുമാനം പരസ്യം തന്നെയാണ് പരസ്യം കിട്ടാൻ കാഴ്ചക്കാർ ധാരാളം വേണം, പരസ്യ-വരുമാനം ഉണ്ടെങ്കിൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം കിട്ടു. ലാപ്ടോപ്പിന്റെ പിന്നിൽ പരസ്യ സ്റ്റിക്കർ വന്നു, ലാപ്ടോപ്പിനോട് ചേർന്ന് ടോൺഡ് മിൽക്ക് വരെ പരസ്യമായി വന്നു. പരസ്യം നിറയുന്ന ചാനൽ സ്ക്രീൻ കാഴ്ചകൾ, അതെല്ലാം ആയിക്കോളൂ, കൂട്ടത്തിൽ വാർത്താകഥകളും സൃഷ്ടിക്കാം പക്ഷെ വസ്തുതയിൽ മായം ചേർത്ത് നിങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്.
പ്രിയപ്പെട്ട അവതാരകരെ, മാധ്യമ ഉടമകളെ ഞങ്ങൾക്ക് അറിയില്ല അവരുടെ നിലപാടും രാഷ്ട്രീയവും അറിയില്ല. നിങ്ങളാണ് ഞങ്ങളുടെ മുന്നിലെ ന്യായാധിപന്മാർ…
സ്വന്തം മനസാക്ഷിയെ കൂടി വിശ്വസിപ്പിക്കാൻ കഴിയണം ഓരോ ബ്രേക്കിംഗ് ന്യൂസുകളും.