

പുസ്തകത്താളുകള്‍ക്കിടയില്‍
ഒരു മയില്‍പ്പീലി വെയ്ക്കുക.
മയില്‍പ്പീലിയെ തന്നെ ധ്യാനിച്ച്
പുസ്തകമടച്ചു വെയ്ക്കുക.
മനസ്സൊഴിച്ചു മറ്റാരുംകാണാത്ത
ഒരറയില്‍ ഒളിപ്പിച്ചു വെയ്ക്കുക.
മനസ്സിനെ കാവല്‍ നിര്‍ത്തി
മയില്‍പീലി മറന്നേ പോകുക ….
ഭൂമിയും ആകാശവും ഉറങ്ങുന്ന
നിശബ്ദ വിനാഴികയില്‍
പൂച്ചക്കാല്‍ ചവിട്ടി വന്നു പയ്യെ പുസ്തകമെടുക്കുക….
കാറ്റും നിഴലും പോലുമറിയരുതേ,
ആകാശം കാണരുതേ,നക്ഷത്ര രശ്മി കൊള്ളരുതേ,
മയില്‍പ്പീലിയെ തന്നെ
ധ്യാനസ്ഥനായി കണ്ണടച്ച് നില്‍ക്കുക.
മനസ്സ് മയിപ്പീലിയായി
മാറുമ്പോള്‍ കണ്ണ് തുറക്കുക.
താളുകളില്ലല്ലോ,പുസ്തകവുമില്ല.
മയില്‍പ്പീലികള്‍ !
മയില്‍പ്പീലികള്‍ !
മയില്‍പ്പീലികള്‍ ! മാത്രം.!
മയില്‍പ്പീലിത്താളുകളുടെ ഈ പുസ്തകം
അവള്‍ക്കു നല്‍കുക….
പ്രണയിക്കാനറിയാതെ പോയ
ഒരു കവിയുടെ സമ്മാനമാണിതെന്നു പറയുക.
ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ ഉമ്മ കൊണ്ട്
അവളെ മയില്‍പ്പീലിയാക്കുക….