മുറ്റത്തെ ഇത്തിരി
വെള്ളത്തിലൊന്നിടം
കണ്ണിട്ടു നോക്കി നീ
പാഞ്ഞിടുമ്പോൾ
ഒപ്പമെത്താനാകുകില്ലെങ്കിലും
നിൻറെ കൂട്ടിനായ്
അവനും വന്നിരുന്നു
വെട്ടിയ കടലാസിൻ
തുണ്ടിനാൽ നീകൊച്ചു
വള്ളം പണിഞ്ഞു
കളിച്ചിടുമ്പോൾ
കീറിയ തുണ്ടിനെ
കയ്യിൽ പിടിച്ചു നിന്ന-
രികിലായ് അവനും
മിഴിച്ചു നിന്നു
മുറ്റത്തെ തൈമാവിൻ
ചോട്ടിലായ് ചെറുതുള്ളി
മഴവെള്ളം കിനിയാതെ
കാത്തു നിന്നപ്പോൾ
ഇര തേടിയലയുമാ-
ചെറുപക്ഷിപോലുമ-
ന്നറിയാതെ ശങ്കിച്ചു
പാടിയത്രേ
മുകളിലെ കുന്നിൻ
ചെരുവിലായ് കൂരിരുൾ
വിതറി മേഘം വന്നു
നിന്നിടുമ്പോൾ
അരികിലായ് തഴുകി
തലോടി മറയുന്ന
പുഴയുമന്നാർദ്രമായ്
തേങ്ങിയത്രേ
മാനം കറുത്തിരുണ്ടാ-
കാശതുള്ളികൾ
മണ്ണിലായ് വന്നു
പതിച്ച നേരം
അമ്മതൻ ലാളന-
യേറ്റു കിടക്കുമെന്നെരുമ
കിടാവും കരഞ്ഞുവത്രേ
തൊടിയിലൂടൊഴുകി വന്നൊ-
രുതുള്ളി വെള്ളത്തിൽ
കടലാസു വഞ്ചി
ഇറക്കിടുമ്പോൾ
പുറകിലായ് മന്ദസ്മിതം
തൂകി നിന്നനിയനും
നിന്നിലായ് ചേർന്നുവത്രേ
കടലാസു വഞ്ചിതൻ
ചെറുചലനങ്ങളിൽ
മതി മറന്നന്നുനീ
നിന്നിടുമ്പോൾ
ഇരുളിനാൽ മൂടിനി-
ന്നാകാശ ഗോപുരം
നിമിഷ നേരം കൊണ്ട്
വീണുടഞ്ഞു
മുകളിലെ കുന്നിൻ
ചെരുവിൽ നിന്നൊരു
ശബ്ദമലയൊലിയായ്
കാതിൽ ചേർന്ന നേരം
പുഴയിലേക്കൊഴുകുവാ-
നൊരുമ്പെട്ട വഞ്ചിതൻ
കണ്ണുകൾ ഈറന-
ണിഞ്ഞുവത്രേ
മഴയിൽ കുതിർന്നൊരാ
വഞ്ചിതൻ ചടുല
താളത്തിൽ നീ നിന്നു
തുള്ളിടുമ്പോൾ
പുറകിലൂടൊഴികിടും
നിൻ കളിപ്പാട്ടങ്ങൾ
പുഴയെ പുണരുവാൻ
പാഞ്ഞിരുന്നു
തേനൂറും കനികൾ
നിനക്കായ് പൊഴിക്കുമാ
തൈമാവിൻ ചില്ലകൾ
ചാഞ്ഞിടുമ്പോൾ
പിറകിലൂടൊരു കുഞ്ഞു
കരങ്ങൾ നിൻ മാറിടം
ചേർത്തു പിടിച്ചു
കരഞ്ഞിരുന്നു
കുത്തിയൊഴുകിവ-
ന്നൊരു മൺശിലാതിട്ട
നിൻ നഗ്ന പാദങ്ങളെ
പുൽകിയപ്പോൾ
പിടയുന്ന പിഞ്ചു
കരങ്ങളും ചേർത്തു നീ
പുഴയുടെ മാറോടു
ചേർന്നിരുന്നു
ഒഴുകുന്ന കളിവഞ്ചി
ഒരുവേള തിരികെ
നിന്നൊരുമാത്ര
നിന്നെയും നോക്കി നിൽക്കെ
പിടയുമാ പിഞ്ചു
കരങ്ങളറിയാതെ
ഒരുവേള യാത്ര
മൊഴിഞ്ഞുവത്രെ
മഴ തന്റെ രൗദ്ര ഭാവത്തിൻ
തിരശ്ശീലയെവിടെയോ
പോയി മറഞ്ഞ നേരം
ഇടതൂർന്ന ചെളിയിലും
ചലനമറ്റങ്ങിനെ
വിളറിനിൽപ്പൂ
ആ കരങ്ങൾ
തന്റെ മരണമെത്തുമ്പോഴും
പിടിവിടാതനുജനെ
ചേർത്തു പിടിച്ചൊരാ
സ്നേഹം…