ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മഹാനായ വിപ്ലവകാരി വാരിയന്‍കുന്നത്ത് ഹാജിയെ മലപ്പുറം കോട്ടക്കുന്നിന്റെ മുകളില്‍ വെച്ച് ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നത് 1922 ജനുവരി 20 ന്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത സവിശേഷതകളുള്ള ധീര പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടിഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873ലാണ് വാരിയന്‍കുന്നത്ത് ജനിക്കുന്നത്. പടത്തലവന്‍മാരുടെയും നാട്ടുമൂപ്പന്മാരുടെയും ധനാഢ്യ പാരമ്പര്യ കുടുംബമായിരുന്നു ചക്കിപ്പറമ്പന്‍. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്ന മണ്ണാര്‍ക്കാട് യുദ്ധത്തില്‍ പങ്കെടുത്തതിന് മൊയ്തീന്‍ കുട്ടി ഹാജിയെ ബ്രിട്ടീഷ് കോടതി അന്തമാനിലേക്ക് നാടുകടത്തി. മാതൃവീട്ടിലായിരുന്നു കുഞ്ഞഹമ്മദ് ഹാജി പിന്നീട് വളര്‍ന്നത്. സ്കൂളില്‍ നിന്ന് ഇംഗ്ലീഷും മലയാളവും നന്നായി അഭ്യസിച്ചു. യുവാവായപ്പോള്‍ നെല്ലിക്കുത്ത് പലചരക്ക് കട തുടങ്ങി. അതിനിടെ സാമൂഹ്യ സേവന രംഗത്തും സ്വാതന്ത്ര്യസമരമുഖത്തും സജീവമായി. 1896ലെ ബ്രിട്ടീഷ് വിരുദ്ധകലാപങ്ങളിലെ സാന്നിധ്യംമൂലം സര്‍ക്കാര്‍ അദ്ദേഹത്തെ മക്കയിലേക്ക് നാടുകടത്തി. അതിനിടെ ബോംബെയില്‍ നിന്നും ഹിന്ദി, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളഭ്യസിച്ചു. 1905ല്‍ മൂന്നു ഹജ്ജും കഴിഞ്ഞ് ഹാജി നെല്ലിക്കുത്തില്‍ തിരിച്ചെത്തി. ആലിമുസ്‌ലിയാര്, ഹാജിയുടെ ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്നു. 1914ല്‍ നാലാമത്തെ ഹജ്ജും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഹാജി ഒരു കടുത്ത ബ്രിട്ടീഷ് വിരോധിയായി മാറിയിരുന്നു. 1921 ആഗസ്റ്റ് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് തുടങ്ങിയവര്‍ തിരൂരങ്ങാടിയില്‍ വെച്ച് ആലിമുസ്‌ലിയാരുടെയും വാരിയന്‍കുന്നന്റെയും സേനയോട് തോറ്റോടിയപ്പോള്‍ “ലണ്ടന്‍ ടൈംസ്’ എഴുതിയത് “മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു’ എന്നായിരുന്നു.
ബ്രിട്ടനെ നാണം കെടുത്തിയ വിപ്ലവകാരിയെ ജീവനോടെ പിടികൂടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റും രാജ്ഞിയും ആജ്ഞാപിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്‍റലിജന്‍സ് മേധാവി മോറിസ് വില്യംസ് മലപ്പുറത്തെത്തി, മലബാറിന്റെ പല കേന്ദ്രങ്ങളില്‍ വിന്യസിച്ച പട്ടാളത്തെ മൊത്തം നിലമ്പൂരിലും പാണ്ടിക്കാട്ടും ഒതുക്കിനിര്‍ത്തി. എല്ലാ പട്ടാള യൂണിറ്റില്‍ നിന്നും പത്ത് വീതം ഭടന്മാരെ വെച്ച് വാരിയന്‍കുന്നന്‍ ഓപ്പറേഷന്‍ സെല്‍ രൂപീകരിച്ച് “ബാറ്ററി’ എന്നു പേരിട്ടു. ബാറ്ററി ഭടന്മാര്‍ ക്യാമ്പ് ചെയ്ത് പരിശീലനങ്ങള്‍ നടത്തി. എന്നിട്ടും വാരിയന്‍ കുന്നത്തു ഹാജിയെ പിടിക്കാന്‍ നൂറു കവിഞ്ഞ ആയുധ സജ്ജരായ ഭടന്മാര്‍ക്കും ബ്രിട്ടീഷ് പട്ടാള മേധാവികള്‍ക്കും കഴിഞ്ഞില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് അവര്‍ ചതി പ്രയോഗത്തിലൂടെ ഹാജിയെ പിടികൂടിയത്. ഉറ്റ സുഹൃത്തായ ഉണ്യാലി മുസ്‌ലിയാരെ തെറ്റിദ്ധരിപ്പിച്ചാണ് (ഹാജിയെ പിടികൂടി മക്കയിലേക്ക് നാടുകടത്താനാണ്, കൊല്ലാനല്ല) ഹാജിയാരെ കമാന്‍റോകള്‍ വളഞ്ഞ് മിന്നലാക്രമണം നടത്തിയത്. വാരിയന്‍ കുന്നന്‍ ഉണ്യാലി മുസ്‌ലിയാരുടെ കൂടെ അസ്വര്‍ നമസ്കരിക്കുകയായിരുന്നു. കേവലം ഇരുപത്തേഴ് അണികളുമായി അവസാന നിമിഷവും പോരാടി രക്തസാക്ഷിത്വം സ്വപ്നം കണ്ടിരുന്ന ഹാജി വിധി വൈപരീതം കൊണ്ട് മാത്രമാണ് പട്ടാളക്കോടതിക്ക് മുന്നിെലത്തിയത്. വിചാരണയിലുടനീളം ധൈര്യ സമേതം ഇംഗ്ലീഷില്‍ തന്നെയായിരുന്നുവത്രെ മറുപടി പറഞ്ഞിരുന്നത്.
മൂര്‍ച്ചയുള്ള വാക്കുകള്‍
“വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇന്‍സ്പെക്ടര്‍ രാമനാഥയ്യര്‍ വശം കൊടുത്തയച്ച, മാപ്പ് തന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര് താങ്കള്‍ ഉദ്ധരിച്ചത് സ്വാര്‍ത്ഥതയാണ്. ഞാന്‍ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരു പാട് തവണ ഹജ്ജുകര്‍മങ്ങള്‍ നിര്‍വഹിച്ചതുമൊക്കെ നേരിട്ടറിയാവുന്ന, എന്നെയും എന്റെ കുടുംബത്തേയുമൊക്കെ ചരിത്രപരമായി പഠിച്ചറിഞ്ഞ് ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കളെന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുദ്ധരിച്ചത് വളരെ തരംതാണു പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ വിരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ത്തന്നെ ലയിച്ചു ചേരണമെന്ന് അഭിലഷിക്കുന്നവനുമാണ് ഞാന്‍. നിങ്ങളുടെ അടിമത്വത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. നിങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുക തന്നെയാണ്. പക്ഷേ പൂര്‍ണമായും നിങ്ങളുടെ ആധിപത്യം പുനഃസ്ഥാപിക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഇപ്പോള്‍ തികച്ചും സ്വതന്ത്രമാണീ മണ്ണ്.”
ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.
“നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടി വെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എന്റെ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽ നിന്ന് വെടിവെക്കണം. എൻറെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് എൻറെ നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, വിരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിൽ മുഖം ചേർത്ത് മരിക്കണം.“ |
എന്ന് ഹാജി ആവശ്യപ്പെട്ടു. അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി. മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി.
മലബാറിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ മാറ്റിനിർത്താൻ കഴിയാത്ത പേരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഇങ്ങനെ എത്രയെത്ര ധീരന്മാർ, അവരുടെ ഒക്കെ പിന്മുറക്കാർ ഇന്നും ഈ നാട്ടിൽ ബാക്കിയുണ്ടെന്നു മറക്കുന്നവരെ കാലവും ചരിത്രവും ചില പാഠങ്ങൾ പഠിപ്പിക്കുക തന്നെ ചെയ്യും.