Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Writer's Block
Writer's Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
  • Home
  • About Nachikethus | Nachikethas | Nachiketa
  • Contact US
  • Disclaimer
  • Privacy Policy
  • Sitemap
  • Terms and Conditions
  • Writer’s Block
Subscribe
Close

Search

Indian youth protesting to protect democratic and secular values on Independence Day.
Writingz

സ്വാതന്ത്ര്യം: നഷ്ടമാകുന്ന മൂല്യങ്ങളും യുവതയുടെ പ്രതിരോധവും!

By Writer
August 15, 2026 2 Min Read
Comments Off on സ്വാതന്ത്ര്യം: നഷ്ടമാകുന്ന മൂല്യങ്ങളും യുവതയുടെ പ്രതിരോധവും!

പ്രിയപ്പെട്ടവരെ, നമ്മുടെ രാജ്യം ഇന്ന് മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം എന്നത് എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസല്ല; അത് മറ്റുള്ളവന്റെ മൂക്കിൻ തുമ്പത്ത് അവസാനിക്കേണ്ട ഒന്നാണ്. അല്ലാതെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിലോ, സോഷ്യൽ മീഡിയയിൽ തോന്നിയ കമന്റുകൾ ഇടുന്നതിലോ അല്ല യഥാർത്ഥ സ്വാതന്ത്ര്യം കുടികൊള്ളുന്നത്.

യുവതയുടെ പോരാട്ടവീര്യം

രാജ്യത്തിന്റെ സംവിധാനങ്ങൾ ആകെ താളം തെറ്റുകയും സാമ്പത്തിക മേഖല തളരുകയും ചെയ്യുന്ന ഈ കെട്ടകാലത്ത്, നാട് വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് യുവതയെയാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന സമരം യുവത്വത്തിന്റെ സംഘടനാശേഷിയുടെ നേർചിത്രമായിരുന്നു.അത് കേവലം ആൾക്കൂട്ടമായിരുന്നില്ല, മറിച്ച് സംഘടിതമായ കൂട്ടായ്മയിലൂടെയും സഹനത്തിലൂടെയും ഡൽഹിയിൽ നടന്ന സമരത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തും. ലാത്തിയടികൾക്കും കണ്ണീർവാതക ഷെല്ലുകൾക്കും മുന്നിൽ പതറാതെ നിന്ന പെൺകുട്ടികൾ ഉൾപ്പെടുന്ന ആ യുവത, സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റങ്ങൾക്ക് മുന്നിൽ തളർന്നു പോകുന്നവരല്ല തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. എന്നാൽ കർഷകർ അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്തപ്പോൾ ഈ യുവാക്കൾ അവിടെ വേണ്ടത്ര സജീവമായില്ല എന്നൊരു വിമർശനവുമുണ്ട്. തങ്ങൾക്ക് ഒരു പ്രതിസന്ധി വന്നപ്പോൾ അവർ സംഘടിച്ചതുപോലെ, മറ്റുള്ളവർക്ക് വേണ്ടിയും ആ സംഘടനാപാടവം കാട്ടിയാൽ ഈ രാജ്യം ശക്തമായ രീതിയിൽ മുന്നോട്ടു പോകും. ചരിത്രമെടുത്തു നോക്കിയാൽ ലോകത്തെമ്പാടും നടന്നിട്ടുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ യുവതയുടെ പോരാട്ടവീര്യം നമുക്ക് കാണാനാകും.


ഭീഷണിയിലാകുന്ന മതേതരത്വം


ഈ അടുത്ത കാലയളവിൽ നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ, മതേതര മൂല്യങ്ങളോടെ ജീവിക്കുന്ന ഏതൊരാളിലും ഭയം സൃഷ്ടിക്കുന്നതാണ്. അത്രമേൽ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വെടിവെച്ചു കൊന്നപ്പോൾ ആ രക്തസാക്ഷിത്വത്തെ അപലപിച്ച ജനതയായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ നരേന്ദ്ര ധബോൽക്കറും ഗോവിന്ദ് പൻസാരെയും എം.എം. കലബുർഗിയും കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത വിധം ഈ നാട്ടിലെ മതേതര വിശ്വാസികൾ നിസ്സംഗരായിപ്പോയിരിക്കുന്നു. ബാക്കിയുള്ളവരെ തോക്കിന്റെയും ലാത്തിയുടെയും വിവിധ ഭരണകൂട സേനകളുടെയും പേരിൽ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്.


മാറുന്ന വ്യവസ്ഥിതികൾ


മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ഡോ. ബി.ആർ. അംബേദ്കർ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ നിരവധി നേതാക്കളുടെയും; ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് തുടങ്ങിയ പോരാളികളുടെയും രക്തസാക്ഷിത്വത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനും (അല്ലെങ്കിൽ ആരാധിക്കാതിരിക്കാനുമുള്ള) അവകാശമാണ് ആ സ്വാതന്ത്ര്യം നമുക്ക് നൽകിയത്. എന്നാൽ ഇന്നോ? നമ്മൾ എന്ത് കഴിക്കണം, ഏതു ദൈവത്തെ ആരാധിക്കണം എന്ന് ഭരണകൂടവും ഫാസിസ്റ്റ് ശക്തികളും തീരുമാനിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇന്ത്യൻ പാർലമെന്റിന്റെ അകത്തളങ്ങളിൽ പോലും വസ്ത്രത്തിന്റെ പേരിൽ ജനപ്രതിനിധികൾ അപഹസിക്കപ്പെടുന്നു. പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് വിദ്വേഷ ശക്തികൾ നമ്മുടെ രാജ്യത്തിന്റെ കഴുത്തിൽ പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ മഹാകവി കുമാരനാശാന്റെ വരികൾക്ക് പ്രസക്തിയേറുകയാണ്:


“സ്വാതന്ത്ര്യം തന്നെ അമൃതം,
സ്വാതന്ത്ര്യം തന്നെ ജീവിതം,
പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം.”


ചരിത്ര നിർമ്മിതിയുടെ കാലം


യാഥാർത്ഥ്യങ്ങൾ ഇതായിരിക്കെ, ചരിത്രത്തെ വളച്ചൊടിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാർക്ക് പലതവണ മാപ്പെഴുതിക്കൊടുത്ത് തടവറയിൽ നിന്ന് രക്ഷപ്പെട്ട വി.ഡി. സവർക്കർ, ‘ചിത്രഗുപ്തൻ’ എന്ന തൂലികാനാമത്തിൽ സ്വന്തം ജീവചരിത്രം എഴുതി സ്വയം വീർ സവർക്കർ എന്ന് പ്രകീർത്തിച്ചു. സ്വന്തമായി ചരിത്രം നിർമ്മിക്കാൻ പുസ്തകശാലകളും വാടകയെഴുത്തുകാരെയും ഉപയോഗിക്കുന്ന ഈ കാലത്ത്, രണ്ടു തലമുറകൾക്കപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് കേൾക്കുമ്പോൾ അതിൽ ഗാന്ധിജിയും നെഹ്റുവും ഉണ്ടാകുമോ എന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. സവർക്കർ ഒരു യാഗം നടത്തിയപ്പോൾ സമുദ്രത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഇന്ത്യ എന്ന് നാളത്തെ കുട്ടികളെ പഠിപ്പിക്കുന്ന കാലം വിദൂരമല്ല!


നമ്മുടെ കടമ


ഈ പ്രതിസന്ധികൾക്കിടയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ മതേതര വിശ്വാസിക്കുമുണ്ട്. നമ്മുടെ സ്വാതന്ത്ര്യം ഫാസിസത്തിന്റെ കാൽച്ചുവട്ടിൽ അടിയറവ് വെക്കാൻ നാം തയ്യാറല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട കാലമാണിത്.

നമുക്ക് വിദേശ അധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി പക്ഷെ ഇനി നമുക്ക് സ്വാന്ത്ര്യം വേണ്ടത് സ്വാതന്ത്ര്യ സമരത്തെ തകർക്കാൻ ശ്രമിച്ച ഒറ്റുകാരിൽ നിന്നാണ്. ആ വലിയ പോരാട്ടത്തിൽ നമുക്ക് ഏവർക്കും പങ്കുചേരാം.


എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ!

Author

Writer

Follow Me
Other Articles
Samparkkakranthi Malayalam Book Review
Previous

സമ്പർക്കക്രാന്തി: സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച നൽകുന്ന തീവണ്ടിയാത്ര

Recent Posts

  • സ്വാതന്ത്ര്യം: നഷ്ടമാകുന്ന മൂല്യങ്ങളും യുവതയുടെ പ്രതിരോധവും!
  • സമ്പർക്കക്രാന്തി: സമകാലിക ഇന്ത്യയുടെ നേർക്കാഴ്ച നൽകുന്ന തീവണ്ടിയാത്ര
  • ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ
  • Mastering the Indian Stock Market: Top 10 Trading Indicators Explained
  • Mastering Intraday Trading: 9 Golden Rules for Success

Categories

  • Health (1)
  • Movie Songs (15)
  • Stock Market (3)
  • Technical (1)
  • Writingz (41)

Copyright 2026 — Writer's Block. All rights reserved. Blogsy WordPress Theme