മണിനാദം | ഇടപ്പള്ളി രാഘവൻ പിള്ള

മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! – വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ- മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! – യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റതോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! അഴകൊഴുകുന്ന ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം,…








